Saturday, September 10, 2016

കോലോത്തും കടവിലെ നന്മ വാട്സ് അപ്പ് ഗ്രൂപ്പ് സാമ്പ്രിയ നിർമ്മിച്ച് മാതൃകയായി

എടവണ്ണപ്പാറ: തിന്മകൾ ചേക്കേറുന്ന സോഷ്യൽ മീഡിയയിൽ ആത്മീയതയുടെ നറുമണം ചാർത്തി കോലോത്തും കടവിലെ നന്മ വാട്സ് അപ്പ് ഗ്രൂപ്പ് തകർന്ന് നിലം പൊത്താറായ സാമ്പ്രിയ പൊളിച്ച് സൗകര്യങ്ങളോട് കൂടിയ പുതിയ സാമ്പ്രിയ പണിത് തികച്ചും വ്യത്യസ്തമാവുകയാണ്. കോലോത്തും കടവിലെ പഴയ തലമുറക്കാർ തകർന്ന് വീഴാറായ മസ്ജിദിനെ നിസ്സാ ഹയതയോടെ  നോക്കിയിരിക്കുമ്പോയാണ് കൈവെള്ളയിലെ ആൻഡ്രോയിഡ് ഫോണുകളിൽ നന്മ മാട്സ് അപ്പ് ഗ്രൂപ്പ് ഉത്തരം കണ്ടെത്തിയത്.

കോലോത്തും കടവിലെയും പരിസരങ്ങളിലെയും ഗൾഫിൽ ജോലി ചെയ്യുന്നവരും നാട്ടുകാരുമായ അറുപതോളം പേരടങ്ങുന്ന നന്മ വാട്സ് അപ്പ് ഗ്രൂപ് അംഗങ്ങളാണ് സാമ്പ്രിയ നിർമ്മിക്കാനാവശ്യമായ ഏഴര ലക്ഷത്തോളം രൂപ സമാഹരിച്ച് പള്ളി നിർമ്മാണം നടത്തിയത്. നാട്ടുകാരും ഇതിൽ പങ്കാളികളായി.

ബുധനാഴ്ച വൈകുന്നേരം സാമ്പ്രിയ ഉദ്ഘാടനം ചെയ്യപ്പെട്ടു.
വർഷങ്ങൾക്ക് മുമ്പ് കോലോത്തും കടവിലെ വിശ്വാസികൾക്ക് നമസ്കരിക്കാൻ ഒരിടമില്ലായിരുന്നു. വികസനം പേരിനുപോലുമില്ലാത്ത ആ കാലഘട്ടത്തിൽ നാട്ടുകാർ ജന്മിയായിരുന്ന കൊഴപ്പത്തൊടിക്കാരെ സമീപിക്കുകയായിരുന്നു. ചുമരുകൾ കല്ലുകൾ കൊണ്ട് നിർമ്മിക്കുന്നതിന് പകരമായി മരങ്ങൾ കൊണ്ടായിരുന്നു അന്ന് സാമ്പ്രിയ നിർമ്മിക്കപ്പെട്ടത്. കോലോത്ത് അഹമ്മദ് കുട്ടിയായിരുന്നു ഭൂമി ദാനം നൽകിയത്.പിന്നീട് 1957 നോടടുത്ത് അത് പുതുക്കി പണിതു

കാലം പുരോഗമിച്ചതോട് കൂടി കോലാത്തും കടവിൽ വലിയ മസ്ജിദ് നിർമ്മിച്ചു. അടുത്ത കാലത്തായി ഈ സാമ്പ്രിയയുടെ ചുമരുകളും ഓടുകളും തകർന്ന് നിലം പൊത്താറായിരുന്നു. ഈ നിസ്സാഹയാവസ്ഥയിലാണ്  ഹൃദയത്തിൽ ഒരിക്കലും നന്മ വറ്റിയിട്ടില്ലാത്ത നന്മ വാട്സ് അപ്പ് ഗ്രൂപ്പ് പള്ളി നിർമ്മാണത്തിനൊരുങ്ങിയത്.

ചാലിൽ മമ്മുണ്ണി ഹാജി ,ടി.കെ ഉസൈൻ തുടങ്ങിയവർ മുൻകാലങ്ങളിൽ ഈ സാമ്പ്രിയയുടെ മുന്നണിയിലുണ്ടായിരുന്നവരാണ്.
അങ്ങിനെ ,കോലോത്തും കടവിലെ നന്മ വാട്സ് അപ്പ് ഗ്രൂപ്പ് ആത്മിയ സരണിയിൽ പുതിയ അധ്യായം തുന്നി ചേർക്കുകയാണ്.

No comments: