സമീപഭാവിയില്‍ത്തന്നെ ചാലിയാര്‍ തടങ്ങളില്‍ താമസിക്കുന്ന പതിനായിരങ്ങളുടെ കുടിവെള്ളം മുട്ടുമെന്ന് ഉറപ്പാണ്. അരീക്കോട്, ചീക്കോട് ഭാഗങ്ങളില്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടാറ്. ഈ പ്രദേശങ്ങളില്‍ കിണറുകളിലെ വെള്ളംവറ്റുമ്പോള്‍, ലോറികളില്‍ കൊണ്ടുവരുന്ന വെള്ളം കിണറ്റിലേക്ക് പമ്പുചെയ്യേണ്ട സ്ഥിതിപോലുമുണ്ട്.
പുഴയില്‍ മണല്‍ ഇല്ലാതായതോടെ വെള്ളം ഭൂമിയില്‍ താഴാതെ പൂര്‍ണമായും കടലിലേക്ക് ഒഴുകിപ്പോകുന്നു. ഇത് ഭൂഗര്‍ഭ ജലനിരപ്പ് താഴാന്‍ കാരണമാകുന്നു. ഇപ്പോള്‍ തന്നെ നിലമ്പൂര്‍, വണ്ടൂര്‍ പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലനിരപ്പ് അപകടകരമാംവിധം താഴെയാണ്. ഇവിടങ്ങളില്‍ അമിതമായി ജലം വലിച്ചെടുക്കുന്ന കശുമാവ്, റബ്ബര്‍ എന്നിവ നടരുത് എന്ന നിര്‍ദേശം പോലും വന്നുകഴിഞ്ഞു.
ചാലിയാര്‍ തീരത്തുള്ള എല്ലാ പഞ്ചായത്തുകളിലും മഞ്ചേരി നഗരസഭയിലും ചാലിയാറിലെ വെള്ളം ഉപയോഗിച്ചാണ് കുടിവെള്ളം വിതരണംചെയ്യുന്നത്. പുഴയിലെ ജലനിരപ്പ് താഴ്‌ന്നതോടെ ഈ കുടിവെള്ള പദ്ധതികളുടെയെല്ലാം നിലനില്‍പ്പ് അപകടത്തിലായിരിക്കുകയാണ്. മമ്പാട് പഞ്ചായത്തിലെ ഇപ്പോട്ടിങ്ങലുള്ള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളപദ്ധതിയുടെ പ്രവര്‍ത്തനം വേനല്‍ക്കാലത്ത് നിലയ്‌ക്കാന്‍ ഇടയുണ്ട്. പദ്ധതിക്കുവേണ്ടി നിര്‍മിച്ച കിണറ്റില്‍ വേനല്‍ക്കാലത്ത് വേണ്ടത്ര വെള്ളം കിട്ടാത്തതാണ് കാരണം. മണല്‍വാരല്‍ നിര്‍ബാധം തുടരുന്ന സാഹചര്യത്തില്‍ രണ്ടുവര്‍ഷം കഴിഞ്ഞുള്ള സ്ഥിതി പരമദയനീയമായിരിക്കും. എന്നാല്‍ ഇത്രയൊക്കെയായിട്ടും കുടിവെള്ളപദ്ധതികള്‍ക്ക് സമീപത്തെ മണല്‍വാരല്‍പോലും നിരോധിക്കാനോ നിയന്ത്രിക്കാനോ അധികൃതര്‍ക്കാവുന്നില്ല. ചീക്കോട് കുടിവെള്ളപദ്ധതിയുടെ കിണറ്റിന്റെ ചുവട്ടില്‍ നിന്നുപോലും ഇപ്പോള്‍ മണല്‍ ഖനനം നടക്കുന്നുണ്ട്.
തീരങ്ങളില്‍ സമൃദ്ധി വിളയിച്ചിരുന്ന വസന്തകാലം പോയതോടെ കര്‍ഷകരും ബുദ്ധിമുട്ടിലായി. എടവണ്ണ, മമ്പാട്, കീഴുപറമ്പ് പഞ്ചായത്തുകളിലെ പുഞ്ചക്കൃഷി വെള്ളക്ഷാമം രൂക്ഷമായതോടെ നിലച്ചു എന്നുതന്നെ പറയാം.
തീരമിടിച്ചിലാണ് മറ്റൊരുപ്രശ്‌നം. മമ്പാട് പഞ്ചായത്തിലെ കാഞ്ഞിരപ്പൊയിലില്‍ മൂന്നുവീടുകള്‍ ഏതുസമയത്തും പുഴയിലേക്ക് വീഴാമെന്ന സ്ഥിതിയിലാണ്. ഒട്ടേറെ വര്‍ഷങ്ങളായി ഇവിടെ ഓരോ കാലവര്‍ഷത്തിനും തീരമിടിയാറുണ്ട്. ബീമ്പുങ്ങല്‍, ഓടായിക്കല്‍, പുള്ളിപ്പാടം, എടവണ്ണ, ഒതായിക്കല്‍, പടിഞ്ഞാറെത്തല എന്നിവിടങ്ങളും തീരമിടിച്ചില്‍ ഭീഷണിയിലാണ്. വാഴക്കാട് കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്‌ജിന്റെ സംരക്ഷണഭിത്തി പലതവണയായി പുഴയിലേക്ക് ഇടിഞ്ഞുതാണു.
.jpg)
മണല്‍വാരി കയങ്ങള്‍ രൂപപ്പെട്ടതുമൂലം വേനല്‍ക്കാലത്ത് മിക്കയിടങ്ങളിലും പുഴയുടെ നീരൊഴുക്ക് നിലച്ചു. ഇത് ജൈവസമ്പത്തിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. അരീക്കോട് ഭാഗത്ത് ഒന്നരമീറ്റര്‍ നീളമുള്ള അപൂര്‍വയിനം മണ്ണിരകളുണ്ട്. പുഴയിലെ മണലിലാണ് ഇവയെ കാണുന്നത്. മണല്‍ ഇല്ലാതാകുന്നതോടെ ഈ മണ്ണിര ഇല്ലാതാകുമെന്ന് നിലമ്പൂര്‍ പ്രകൃതിപഠനകേന്ദ്രം ഡയറക്ടര്‍ ജയപ്രകാശ് പറയുന്നു. മലഞ്ഞില്‍ മത്സ്യം, ചെള്ളി (പുഴയിലെ ചെമ്മീന്‍) എന്നിവ ഇപ്പോള്‍ത്തന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞു.
ചാലിയാറിന്റെ പോഷകനദികളെല്ലാം രൂക്ഷമായ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. സമഗ്രമായ പഠനത്തിനോ കാര്യക്ഷമമായ നടപടികള്‍ക്കോ അധികൃതര്‍ ഇനിയും തയ്യാറാകാത്തത് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കും. വല്ലപ്പോഴും നടക്കുന്ന മണല്‍ റെയ്‌ഡും പുഴ സംരക്ഷണനിധി ചെലവഴിച്ചിട്ടുള്ള സംരക്ഷണഭിത്തി കെട്ടലും മാത്രംപോര. പരിസ്ഥിതി പ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തി നദിയുടെ ദുരവസ്ഥയെപ്പറ്റി വിശദമായ പഠനം നടത്തി നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ ചാലിയാറിന്റെ ആസന്നമരണത്തിന് ആത്മശാന്തി നേരേണ്ടിവരും.
4 comments:
ee post nannayi
എന്‍റെ ചാലിയാര്‍.. :(
രണ്ടു ഫോട്ടോകള്‍ ഇവിടെ
ചാലിയാര്‍ മാത്രമല്ലേല്ലാ നദികളും മണല്‍ ഊറ്റി ഇല്ലാതായിക്കൊണ്ടിരിക്കുന്നു.മനുഷ്യന്റെ കടന്നുകയറ്റം ഭൂമി മുഴുവന്‍ നാശം വിതക്കുന്നു.നല്ല പോസ്റ്റ്
Post a Comment